ഒറ്റ നോട്ടത്തില്‍

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ
  
സ്ഥലം: കോഴിക്കോട് ജില്ല
താലൂക്ക്: കോഴിക്കോട്
ബ്ലോക്ക്: ചേളന്നൂർ
വിസ്തീർണ്ണം: 21.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011 സെൻസസ് പ്രകാരം): 29,388 (13,753 പുരുഷന്മാരും 15,635 സ്ത്രീകളും)

 

   കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, ചേളന്നൂര്‍ ബ്ളോക്കിലാണ് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തലക്കുളത്തൂര്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിനു 21.54 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അത്തോളി, നന്മണ്ട, കാക്കൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കാക്കൂര്‍, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് എലത്തൂര്‍, കക്കോടി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അത്തോളി, ചേമഞ്ചേരി, എലത്തൂര്‍ പഞ്ചായത്തുകളുമാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പഞ്ചായത്താണിത്. കിഴക്ക് പട്ടര്‍പാലം, പാവയില്‍ പുഴ, മംഗലം പുഴ, തെക്ക് അകലാപുഴ, പടിഞ്ഞാറ് കോരപ്പുഴ എന്നീ പുഴകളാല്‍ ചുറ്റപ്പെട്ടതാണ്. ഉയര്‍ന്ന പ്രദേശം, ചെങ്കുത്തായ പ്രദേശം, താരതമ്യേന ചെരിഞ്ഞ പ്രദേശം, ഇടത്തരം ചെരിവുള്ള പ്രദേശം, ചെറുചെരിവുള്ള പ്രദേശം, ചെറുകുന്നുകള്‍, താഴ്വാരം, സമതലപ്രദേശം, തീരസമതലം, തുരുത്തുകള്‍ എന്നിങ്ങനെ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ പല മേഖലകളായി തരംതിരിക്കാം. കിഴക്കന്‍മേഖലയിലെ അന്നശ്ശേരി, എടക്കര എന്നിവിടങ്ങളില്‍ സമൃദ്ധമായ നെല്‍വയലുകളും പച്ചക്കറി കൃഷിയുമുണ്ടായിരുന്നു. എന്നാല്‍ ഭൂവിനിയോഗം മാറിമറിയുകയും, കൃഷിയിടങ്ങള്‍ പുരയിടങ്ങളായി മാറുകയും ചെയ്തതോടെ, നെല്‍വയലുകള്‍ തെങ്ങിന്‍തോപ്പുകളായി മാറി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് മണ്ണിനമാണ് (ചെമ്മണ്ണ്) കാണപ്പെടുന്നത്. സമതലങ്ങളില്‍ എക്കല്‍ മണ്ണും, മണല്‍ കലര്‍ന്ന ചെളിമണ്ണും, തീരപ്രദേശങ്ങളില്‍ മണല്‍മണ്ണു മാത്രവും കാണപ്പെടുന്നു. പഞ്ചായത്തിന്റെ നാലു ഭാഗത്തും കുന്നുകള്‍ കാണാം. മണ്ണൊലിപ്പ് തീരെയില്ലാത്ത എടക്കര-അന്നശ്ശേരി ഭാഗത്താണ് എക്കല്‍ മണ്ണു കാണപ്പെടുന്നത്. അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ കളിമണ്ണിനോട് സാദൃശ്യമുളള മണ്‍തരങ്ങളും കാണാം. പഴയ മദ്രാസ് സംസ്ഥാനത്തിലെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തലക്കുളത്തൂര്‍ പഞ്ചായത്ത്.