ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
പഴയ മദ്രാസ് സംസ്ഥാനത്തിലെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് തലക്കുളത്തൂര്‍ പഞ്ചായത്ത്. സാമൂതിരിയുടെ അധീനതയിലെ കോഴിക്കോട് ഉള്‍പ്പെട്ട തലക്കുളത്തൂര്‍, അന്നശ്ശേരി ദേശങ്ങളും, സാമൂതിരിയുടെ സാമന്തന്മാരായിരുന്ന കുറുമ്പ്രനാട് സ്വരൂപത്തില്പ്പെട്ട എടക്കര ദേശവും ഉള്‍കൊളളുന്ന പ്രദേശമാണ് ഇന്നത്തെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. സാമൂതിരിയുടെ ആളുകള്‍ പൂജാദികര്‍മ്മങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പഴക്കമേറിയ ക്ഷേത്രമായിരുന്നു മതിലകം ക്ഷേത്രമെന്നു പറയപ്പെടുന്നത്. ഈ ക്ഷേത്രത്തിനടുത്ത് വിശാലമായ ഒരു കുളം ഇന്നും സ്ഥിതി ചെയ്യുന്നു. ഈ കുളം അതിര്‍ത്തിയായ ദേശമാണ് തലക്കുളത്തൂര്‍. ദേശത്തിന്റെ വടക്കെ തലഭാഗത്ത് കുളമുണ്ടായതിനാലാകാം, ഈ പ്രദേശത്തിന് തലക്കുളത്തൂര്‍ എന്ന പേരുവന്നത്. സവര്‍ണ്ണ ജന്മി-നാടുവാഴി കുടുംബങ്ങള്‍ക്കായിരുന്നു ഈ പ്രദേശത്തിന്റെ മേല്‍ക്കോയ്മ. വള്ളിക്കാട്ട് ദേവസ്വം, കാരക്കാട്ടില്ലം, വരോടി പന്നാറമ്പത്ത്, കാരംവെള്ളി മന എന്നീ ജന്മികുടുംബങ്ങളായിരുന്നു ഭൂമി കൈയ്യടക്കിവച്ചിരുന്നവര്. ഈ പ്രദേശത്ത് കീഴ്ജാതിക്കാര്‍ മാത്രമല്ല, നായര്സമുദായക്കാരും കുടിയാന്മാരായുണ്ടായിരുന്നു. ഹരിജനങ്ങള്‍ അടിയാളന്മാരായിരുന്നു. തച്ചോളി ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്ന് എലിയോട്ടുമലയുടെ വടക്കുഭാഗത്തെവിടെയോ ഉണ്ടായിരുന്നുവെന്നും തന്റെ അനുയായികളെ കളരിമുറ പരിശീലിപ്പിക്കാന്‍ എലിയോട്ടുമലയുടെ മുകള്‍പരപ്പ് അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എലിയോട്ടുമലയുടെ മുകള്‍ ഭാഗത്തെ പരന്ന വിശാലമായ തെക്കുപടിഞ്ഞാറുഭാഗം കളരിക്കണ്ടം എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. സാമൂതിരിയുടെ നേരിട്ട് നിയന്ത്രണമുണ്ടായിരുന്ന പടിഞ്ഞാറുഭാഗമായ ഇന്നത്തെ തലക്കുളത്തൂര്‍, അന്നശ്ശേരി ദേശങ്ങളും, സാമൂതിരിയുടെ സാമന്തന്മാരായിരുന്ന കുറുമ്പ്രനാട് സ്വരൂപത്തിന്റെ കീഴിലായിരുന്ന കിഴക്കുഭാഗമായ ഇന്നത്തെ എടക്കര ദേശവും ഉള്‍ക്കൊള്ളുന്നതാണ് തലക്കുളത്തൂര്‍ പഞ്ചായത്ത്. അതുകൊണ്ടുതന്നെ ഈ രണ്ടുഭാഗങ്ങളും തമ്മില്‍ ആചാരം, ചടങ്ങുകള്‍, ഭാഷാ പ്രയോഗം തുടങ്ങിയ കാര്യങ്ങളില്‍ നേരിയ വ്യത്യാസം കാണാം. ഹിന്ദു-മുസ്ളീം ദേവാലയങ്ങള്‍ പഞ്ചായത്തിലുടനീളം കാണാം. ക്രിസ്ത്യന്‍ദേവാലയം അണ്ടിക്കോട് ഭാഗത്തെ കോമശ്ശേരി കുന്നിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മിഷണറിമാരുടെ ആഗമനകാലത്ത് 1904-ലാണ് ഇത് സ്ഥാപിച്ചത്. പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പഴയകാലം മുതല്‍തന്നെ ക്ഷേത്രകലകളെന്ന നിലയില്‍ പാരമ്പര്യ-അനുഷ്ഠാനകലകള്‍ നിലനിന്നുപോന്നിരുന്നു. ഭക്തഹരിശ്ചന്ദ്ര നാടകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് അരങ്ങിലെത്തിച്ച വ്യക്തിയായിരുന്നു ഉപ്പിണാഞ്ഞ് മന്ദക്കുട്ടി. നാടക പ്രസ്ഥാനത്തിനു മഹത്തായ സംഭാവന ചെയ്ത മറ്റൊരു കലാകാരനായിരുന്നു വി.യു.ലോഹിതാക്ഷന്. എടക്കരയിലെ പട്ടര്‍പാലം സ്വദേശി ഇ.പി.ഗോവിന്ദന് അറിയപ്പെടുന്ന നാടകനടനും സംവിധായകനുമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത നിരവധി പേര് ഈ പഞ്ചായത്തിലുണ്ട്. 1964 ജനുവരി ഒന്നാം തിയതിയാണ് ആദ്യത്തെ പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നത്. വി.കെ.കുട്ടികൃഷ്ണക്കുറുപ്പ് ആദ്യപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ -ആരോഗ്യ ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ എടക്കര പ്രദേശത്ത് ആരംഭിച്ചതായി അറിവുണ്ട്. വിദ്യാഭ്യാസം പകരാന്‍ ആളില്ലാത്ത പഴയ കാലത്ത് തെക്കുനിന്ന് സഞ്ചരിച്ചെത്തിയ ചിലര്‍ ആയുധാഭ്യാസം, അക്ഷരാഭ്യാസം എന്നിവ പഠിപ്പിക്കുന്നതിനായി ഓരോ സ്ഥലത്തും കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അക്കാലത്ത് അന്നശ്ശേരി ദേശത്തിന്റെ കിഴക്കെ അറ്റത്ത് ഒരു എഴുത്തുപള്ളി സ്ഥാപിതമായി. 1900-മാണ്ടിനു മുമ്പ് അണ്ടിക്കോടിന് പടിഞ്ഞാറുഭാഗത്ത് പൊയിലില്‍ എന്ന സ്ഥലത്ത് നടന്നുവന്നിരുന്ന എഴുത്തുപള്ളിക്കൂടമാണ് തലക്കുളത്തൂര്‍ പഞ്ചായത്തിലുണ്ടായ ആദ്യത്തെ വിദ്യാഭ്യാസ സംരംഭം. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ മലബാര്‍ പ്രദേശം. അതിനാല്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് പ്രവര്‍ത്തകനായ ജൌ എന്ന ജര്മ്മന്സായിപ്പ് മദിരാശിയില്‍ പോയിട്ടാണ് വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള അംഗീകാരം വാങ്ങിയത്. ഈ വിദ്യാലയമാണ് ബി.ഇ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ അന്നശ്ശേരിയില്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നത്. വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്.മുഹമ്മദ്കോയ, പ്രാഥമികവിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിലാണ്. വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തിയിരുന്നു. ആത്മവിദ്യാസംഘ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരിലൊരാളായ വലിയമ്മക്കണ്ടി ഉണ്ണീരി എന്ന വ്യക്തി സ്ഥാപിച്ചതാണ് തലക്കുളത്തൂരിലെ കുമാരാശ്രമം സ്കൂള്‍. അദ്ദേഹം തന്നെ സ്ഥാപിച്ച മറ്റൊരു വിദ്യാലയമാണ് ഗുരുദേവവിലാസം സ്കൂള്‍. ഈ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ്, പില്ക്കാലത്ത് പഞ്ചായത്തില്‍ നിലവില്‍വന്ന എല്ലാ സ്കൂളുകളും. ആധുനിക ചികിത്സാരീതികളൊന്നും പ്രചരിച്ചിട്ടില്ലാതിരുന്ന പഴയ കാലത്ത് നാട്ടുചികിത്സാരീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അടുത്തകാലം വരെ വ്യാപകമായി കാണപ്പെട്ടിരുന്ന നാടന്‍ തറിമരുന്നുശാലകള് ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിഷചികിത്സാരംഗത്ത് പ്രശസ്തരായിരുന്നു ശങ്കരന്‍വൈദ്യര്‍, പാമ്പുവിഷ ചികിത്സകനായ ഡേവിഡ്മാസ്റ്റര്‍, കണ്ടപ്പുണ്ണിനായര് തുടങ്ങിയവര്‍. ആധുനിക വൈദ്യചികിത്സയ്ക്കു കോഴിക്കോട് പട്ടണത്തെയാണ് ഇവിടത്തുകാര്‍ അക്കാലത്ത് ആശ്രയിച്ചിരുന്നത്.
ഗതാഗതചരിത്രം
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പുഴകളാല്‍ ചുറ്റപ്പെട്ടതായതിനാല്‍, പൂര്‍ണ്ണമായും ഒറ്റപ്പെട്ടുകിടന്നിരുന്ന ഒരു പ്രദേശമായിരുന്നു. അത്തോളി, നന്മണ്ട, കാക്കൂര്‍ എന്നീ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ചെറു റോഡുകളും, നടപ്പാതകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചേളന്നൂര്‍ പഞ്ചായത്തുമായി ബന്ധം സ്ഥാപിക്കാന്‍ പനകൊണ്ടും തെങ്ങുകൊണ്ടും പണിത പട്ടര്പാലമുണ്ടായിരുന്നു. പൊങ്ങിലോടിപ്പാറയില് പുഴ കടക്കാന്‍ ചെറിയൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നു. പുഴയ്ക്കക്കരെയുള്ള മറ്റു സ്ഥലങ്ങളില്‍ എത്തുന്നതിനു മുക്കംകടവ്, പുറക്കാട്ടിരി, പുതുക്കാട്ടില്‍ കടവ്, പുതിയോട്ടില്‍ കടവ്, പുളിക്കൂല്‍ കടവ്, വള്ളില്‍ക്കടവ് എന്നിവിടങ്ങളില്‍ തോണിയാണ് ഉപയോഗിച്ചിരുന്നത്. എലഞ്ഞിക്കല്, എലത്തൂര്‍, ചേളന്നൂര്‍ എന്നീ വഴികളിലൂടെയായിരുന്നു പട്ടണവുമായി ബന്ധപ്പെട്ടിരുന്നത്. പട്ടര്‍പാലം, അന്നശ്ശേരി ഭാഗങ്ങളിലേക്കു ചരക്കുഗതാഗതം പുഴ വഴിയായിരുന്നു. എലത്തൂര്‍ പുതിയനിരത്തു വരെ കാളവണ്ടിയിലെത്തുന്ന ചരക്കുകള്‍ തോണിയില്‍ പാവയില്‍ വഴി പട്ടര്‍പാലത്ത് എത്തിച്ചിരുന്നു. അന്നശ്ശേരി തോടുവഴി കൊളക്കാട് ഭാഗത്തേക്കും ഇപ്രകാരം ചരക്കുകള്‍ എത്തിയിരുന്നു. പുറക്കാട്ടിരിയില്‍ പില്ക്കാലത്ത് ചെറുവാഹനങ്ങളെ അക്കരെയിക്കരെയെത്തിക്കുന്ന ചങ്ങാടവുമുണ്ടായിരുന്നു.